മാഡ്രിഡ്: കായിക ലോകത്തിലെ ഓസ്കറായ ലോറസില് ടെന്നീസിന്റെ ആധിപത്യം. മാഡ്രിഡില്‍ നടന്ന റെഡ് കാര്‍പ്പെറ്റ് സ്പോര്‍ട്സ് പുരസ്കാരത്തില്‍ 2026ലെ ഏറ്റവും മികച്ച പുരുഷ-വനിതാ താരങ്ങളായി കാര്‍ലോസ് അല്‍കാരസും അരീന സബലെങ്കയും തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷ ലോക റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരനാണ് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍കാരസ്. എന്നാല്‍, 2025ല്‍ അല്‍കാരസായിരുന്നു ഒന്നാം സ്ഥാനത്ത്. വനിതാ സിംഗിള്‍സില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരിയാണ് ബെലാറൂസിന്റെ അരീന സബലെങ്ക. 2025ല്‍ യുഎസ്, ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്സ്ലാം കിരീടങ്ങള്‍ 22കാരനായ അല്‍കാരസിനായിരുന്നു. 2025ല്‍ യുഎസ് ഓപ്പണ്‍ മാത്രമാണ് സബലെങ്കയ്ക്കു നേടാന്‍ സാധിച്ചത്. എന്നാല്‍, ഓസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
യുവതാരം യമാല്‍
മറ്റു പുരസ്കാരങ്ങളില് ഏറ്റവും ശ്രദ്ധേയമായ, യൂത്ത് സ്പോര്‍ട്സ്പേഴ്സണ്‍ ഓഫ് ദ ഇയര്‍ സ്പാനിഷ് ഫുട്ബോളര് ലാമിന് യമാല്‍ സ്വന്തമാക്കി. ജര്‍മനിയുടെ മുന്‍ ഫുട്ബോള്‍ താരമായ ടോണി ക്രൂസിനാണ് ഇന്സ്പിറേഷന് അവാര്‍ഡ്.
ഏറ്റവും മികച്ച ക്ലബ്ബിനുള്ള ടീം ഓഫ് ദ ഇയര്‍ പുരസ്താരം ഫ്രാന്‍സില്‍നിന്നുള്ള പാരീസ് സെന്റ് ജെര്മെയ്ന് സ്വന്തമാക്കി.
നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിസ്റ്റുകളുമാണ് പിഎസ്ജി. ബ്രേക്ക്ത്രൂ പുരസ്കാരം എഫ് വണ്‍ കാര്‍ഡ്രൈവറായ ലന്‍ഡോ നോറിസും തിരിച്ചുവരവിനുള്ള പുരസ്കാരം ഗോള്‍ഫ് താരം റോറി മക്കിള്റോയിക്കുമാണ്. ലൈഫ് ടൈം പുരസ്കാരം ഇതിഹാസ വനിതാ ജിംനാസ്റ്റായ നാദിയ കൊമനേച്ചിക്കു സമ്മാനിച്ചു.